ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 50-ാം മിനിറ്റിലായിരുന്നു മെക്സിക്കോയുടെ ഗോള്‍. പെനാല്‍റ്റി ബോക്സിനുള്ളിലേക്ക് ഉയര്‍ന്നുവന്നൊരു ക്രോസ്.
പന്ത് ക്ലിയര്‍ ചെയ്യാനായി ദക്ഷിണകൊറിയന്‍ ഗോള്‍ കീപ്പര്‍ കിം സ്യൂങ് ജ്യൂ മുന്നോട്ട് എത്തി. വായുവില്‍ ഉയര്‍ന്നുചാടിയ കിം സ്യൂങ് ജ്യൂ പന്ത് കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ചെങ്കിലും പിഴച്ചു.
പൂര്‍ണമായി കൈക്കുള്ളിലാകാതിരുന്ന പന്ത്, കിം സ്യൂങ് ജ്യൂവിന്റെ കൈയില്‍നിന്നു വഴുതി. ദക്ഷിണകൊറിയന്‍ പ്രതിരോധക്കാര്‍ നോക്കിനില്‍ക്കേ, പന്ത് ലഭിച്ച ലൂയിസ് റൊമൊ നിമിഷാര്ധത്തില് വല കുലുക്കി. ആ ഒരു ഗോള്‍ മതിയായിരുന്നു മെക്സിക്കോയ്ക്ക് നോക്കൗട്ട് ഉറപ്പിക്കാന്‍.
ഫിഫ ലോകകപ്പില്‍ ദക്ഷിണകൊറിയയെ മെക്സിക്കോ തോല്‍പ്പിക്കുന്നത് മൂന്നാം തവണ. ലോകകപ്പ് ചരിത്രത്തില്‍ മെക്സിക്കോ ഏറ്റവും കൂടുതല്‍ ജയം നേടിയ എതിരാളികളാണ് ദക്ഷിണകൊറിയ.
ഫിഫ ലോകകപ്പില്‍ മെക്സിക്കോയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണ്. 2022 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മെക്സിക്കോ, സൗദി അറേബ്യയെ കീഴടക്കിയിരുന്നു.